Wednesday, May 13, 2015

ഭാവി

           എല്ലാം തകർന്ന് ഇനിയെന്തെന്ന ചോദ്യവുമായി അയാൾ കടൽക്കരയിലിരുന്നു.ഹൃദയത്തിലടിച്ചു വീശുന്ന തിരമാലകൾ കടൽ തിരമാലയേക്കാൾ ശക്തമായിരുന്നു. പകൽ മുഴുവൻ ഓടിക്കിതച്ചു വെളിച്ചം വീശിയ സൂര്യൻ വിശ്രമിക്കാനായിരിക്കുന്നു. തോളിൽ കൈയ്യിട്ടും അല്ലാതെയും മനസും സ്നേഹവും കൈമാറി നടന്നു നീങ്ങുന്ന പ്രണയിനികൾ. കൂടിയിരുന്നു സൊറപറഞ്ഞുകൊണ്ടിരിക്കുന്ന അനേകം കുടുംബങ്ങൾ. ധൃതി പിടിച്ചു ആവശ്യക്കാരെ തേടി പാഞ്ഞു കൊണ്ടിരിക്കുന്ന കടല വില്പനക്കാരൻ. അയാളുടെ മനസ്സ് ബഹളങ്ങളിൽ പെടാതെ അകലെയെവിടെയോ അലയുകയായിരുന്നു.
"കൈ നോക്കണോ മോനെ ... ഫാവി പറഞ്ഞു തരാം.. നിനക്ക് കിട്ടാൻ പോവുന്ന ജോലി.... നിന്റെ വരാനിരിക്കുന്ന എല്ലാ കാര്യങ്ങളും.... വേണോ മോനെ.... എല്ലാം പറഞ്ഞു തരാം.."
അരികിൽ വന്ന പ്രായമുള്ള ആ സ്ത്രീയുടെ ശബ്ദം അയാളെ ചിന്തകളിൽ നിന്നു തട്ടിയുണർത്തി.
വേണ്ടെന്നു തലയാട്ടിയിട്ടും അവർ പോകാൻ ഒരുക്കമല്ല. 


"മോനെ പത്തു രൂപ തന്നാൽ മതി.. നിന്റെ എല്ലാം ഫാവിയും ഞാൻ പറഞ്ഞു തരാം.." ദയനീയമായ ആ ആവശ്യത്തിനു മുന്നിൽ അയാൾ തന്റെ കൈ നീട്ടി.


''ഹാ എന്തൊരൈശ്വര്യമുള്ള കയാണ് മോന്റെത്.. നല്ല പണക്കാരനാകാൻ മോഹമുണ്ടല്ലേ... അടുത്ത് തന്നെ നല്ലൊരു പണക്കാരനാകാനുള്ള രേഖ കാണുന്നുണ്ട്...... "അവർ കൈ പരിശോധന ആരംഭിച്ചു.

കേട്ട് മടുത്ത പുകഴ്ത്തലുകളിൽ നിരാശനായി അയാൾ കൈ വലിച്ചു.
കാര്യം മനസ്സിലാകാതെ സ്ത്രീ അയാളുടെ കണ്ണുകളിലേക്ക് നോക്കി.


''എന്ത് പറ്റി..??''


''ഒന്നുമില്ല... ഇതൊക്കെ തന്നെയല്ലേ നിങ്ങൾ എല്ലാരോടും പറയാറ്‌ ??

ഐശ്വര്യമില്ലാത്ത ഏതേലും കൈ നിങ്ങൾ കണ്ടിട്ടുണ്ടോ....??" അയാൾ സ്ത്രീക്ക് നേരെ തട്ടിക്കയറി.


"അതെന്താ മോൻ അങ്ങനെ പറയണത്...?? മോന് നല്ല ഭാഗ്യള്ള കുട്ട്യാണല്ലോ..." മുഖത്തെ പരിഭ്രമം പുറത്തു കാട്ടാതെ അവർ അയാളെ ശാന്തനാക്കാൻ ശ്രമിച്ചു.


''വേണ്ട എന്റെ കൈ നോക്കണ്ട.. പോകൂ.. ദൂരെ പൊകൂ..." അയാൾ ആക്രോശിച്ചു.


നിസ്സഹായയായ സ്ത്രീ എന്ത് ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി.

ശബ്ദം കേട്ടിട്ടാകണം ചുറ്റുമുള്ളവരിൽ ചിലരൊക്കെ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം അയാൾ ശാന്തനായി.


''കൈ നീട്ടൂ മോനെ..ബാക്കി കൂടി പറഞ്ഞു തരാം....'' അവർ പിന്നെയും അയാളുടെ കൈ വലിക്കാൻ ശ്രമിച്ചു.''ഭാവിയൊക്കെ അവിടെ നിക്കട്ടെ... നിങ്ങൾക്ക് ഭൂതവും വർത്തമാനവുമൊക്കെ അറിയോ ...?''
ചോദ്യം കേട്ട് സ്ത്രീ അങ്കലാപ്പോടെ അയാളുടെ മുഖത്തേക്ക് നോക്കി.


"ഞാനിപ്പോ ബസ്സിലാണോ കാറിലാണോ ഇങ്ങോട്ടേക്കു വന്നത്..??'' അയാൾ തുടർന്നു.


''അത്... അത്.. മോനെ അതൊക്കെ എങ്ങനെ............." അവർക്ക് മറുപടി മുഴുമിക്കാനായില്ല.


"അതറീലെങ്കി വേണ്ട..ഇതെങ്കിലും പറയൂ.. എന്റെ ഈ പോക്കറ്റിൽ ഇപ്പൊ എത്ര പൈസയുണ്ട്..??'' അയാൾ ചോദ്യങ്ങൾ തുടർന്നു.


''അതിപ്പോ...'' വീണ്ടും അവർക്ക് മൗനം.


''ഇത്ര നിസ്സരമായതോന്നും അറിയാത്ത നിങ്ങളെങ്ങനെ മനുഷ്യന്റെ ഭാവി കാര്യങ്ങൾ വിശദമായി പറയും.??" അയാൾ വിടുന്ന മട്ടില്ല.


''മോനെ... ഞാൻ പോവ്വാണ്... കഞ്ഞി കുടി മുട്ടിക്കല്ലെടാ..''


            തന്റെ കീശയിൽ അവസാനമായുണ്ടായിരുന്ന മുഷിഞ്ഞ പത്തു രൂപ അയാൾ അവർക്ക് നേരെ നീട്ടി. അതു വാങ്ങി ആ സ്ത്രീ ആൾക്കൂട്ടത്തിലെവിടെയോ മറഞ്ഞു. കടൽ സൂര്യനെ പകുതിയോളം വിഴുങ്ങിയതിനാൽ അവിടെയാകെ ഇരുട്ട് പടരുന്നുണ്ടായിരുന്നു.


ദാരിദ്ര്യം


ള്ളു കാളുന്ന വിശപ്പ് വയററിഞ്ഞിട്ടില്ല.
തൊണ്ട വരളും വിധമൊരു 
ദാഹം അനുഭവിചിട്ടില്ല. 
കുട വാങ്ങാൻ കാഷില്ലാതെയൊരു 
മഴച്ചാറ്റൽ പോലും 
മൂർദ്ധാവു ഏറ്റു വാങ്ങിയിട്ടില്ല.
കുടുംബത്തിൻ പശിയടക്കാൻ 
ഒരു പൊരി വെയിൽ പോലും 
മേനിയെ ചുംഭിച്ചിട്ടില്ല.
ചുറ്റു മതിലിൻ മൂലക്കല്ല് 
തകരും വിധം പോലുമൊരു പ്രളയം
എൻ കണ്ണ് കണ്ടിട്ടില്ല.
എന്നിട്ടും 
ആർത്തി തീരാത്ത മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു 
നീയൊരു പരമ ദരിദ്രനെന്നു.

Saturday, May 2, 2015

മിഴിനീർ

അറബിക്കടൽ 
നമുക്കിടയിൽ 
വലിയ 
ദൂരം സൃഷ്ടിക്കുകയായിരുന്നു.
അന്ന്,
പടിയിറങ്ങുന്നതിന്റെ 
തൊട്ടു മുൻപ് 
നിന്റെ കണ്ണുകൾ 
പേമാരിയായ് പെയ്തത് 
ഇടയ്ക്കിപ്പോഴും 
എന്നെ 
ഈറനണിയിക്കാറുണ്ട്.
ഇന്ന്,
ഇവിടെ സുഖമാണെന്നു 
പലവുരു നീ 
ആവർത്തിക്കാറുണ്ടെങ്കിലും 
ഞാനറിയുന്നു 
നിന്റെ തലയിണയെന്നും 
കണ്ണീരിൽ കുതിരാറുണ്ടെന്ന്.


Monday, November 12, 2012

അയാള്‍...


    എന്നും അയാള്‍ ടൈലര്‍ ഷോപ്പിനു  മുന്നിലൂടെ പോവുമ്പോള്‍ എന്നെ നോക്കി  ഒന്ന് പുഞ്ചിരിക്കാറുണ്ട്. മറുപടിയായി ഞാനും ഒരു ചിരി  പാസ്സാക്കി  കൈ വീശിക്കാണിക്കും. അതില്‍ കൂടുതല്‍ അംഗ വിക്ഷേപങ്ങള്‍ കാണിക്കാന്‍ പരിസരം ഞങ്ങള്‍ക്ക് ഒരു തടസ്സമായിരുന്നു. 

     ഇന്നും  അയാള്‍ വരാതിരിക്കില്ല.  അയാള്‍ എവിടെയാണ് വര്‍ക്ക് ചെയ്യുന്നതെന്നോ എവിടുത്തുകാരനാണെന്നോ  എനിക്കറിയില്ല.  എങ്കിലും ഒരു സുമുഖനായ ചെറുപ്പക്കാരന്‍ എന്നെ നോക്കി ചിരിക്കുമ്പോ എങ്ങനെ അത്  നിരസിക്കും....???  

   ഞാന്‍ വാച്ചിലേക്ക് നോക്കി. സമയം അഞ്ചു മണിയോടടുത്തിരുന്നു. പതിവ് പോലെ അയാള്‍ ഷോപ്പിന്റെ മുന്നിലൂടെ  എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു ബൈക്കുമായി  കടന്നു പോയി. സമീപത്തിരിക്കുന്ന ഇന്ദു ലേഖയും  റസിയയും കാണാതെ  ഞാന്‍  അയാള്‍ക്കൊരു റ്റാറ്റ കൊടുത്തു. അവര്‍ രണ്ടു പേരും ഏതോ ഒരു ചുരിദാര്‍  തയ്ക്കുന്ന  തിരക്കിലായിരുന്നു. 

          എസ്.എസ്.എല്‍... ..സിക്ക് ശേഷം തുടര്‍  പഠനത്തിനാവശ്യ മായ മാര്‍ക്കും  പൈസയും ഇല്ലാഞ്ഞിട്ടാണ് ഉപ്പ എന്നെ ടൈലറിംഗ്  പഠിക്കാന്‍ പറഞ്ഞയച്ചത്. ഏതാണ്ട് മൂന്നു നാല്  വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അത്.  പഠനത്തിനു ശേഷം അയല്‍വക്കത്തെ ശാരദ ചേച്ചി തന്നെയാണ് അവരുടെ  ടൌണിലുള്ള ടൈലര്‍  ഷോപ്പില്‍  ജോലിക്ക് പോരാന്‍   എന്നെ നിര്‍ബന്ധിച്ചത്.  കല്യാണം കഴിയുന്നത്‌ വരെ ഒരു നേരം പോക്കാവട്ടെയെന്നു ഞാനും വിചാരിച്ചു.  ഇപ്പോള്‍ ഞാനടക്കം അഞ്ചു പേരുണ്ട് ഷോപ്പില്‍....................  ശാരദ ചേച്ചിയും ഭര്‍ത്താവും   വല്ലപ്പോഴും വന്നു പോവും.

      ബസ്സിറങ്ങി നടന്നു വീട്ടിലെത്തിയപ്പോഴേക്കും സമയം ആറു മണി കഴിഞ്ഞിരുന്നു. 
  
         "ശബ്നാ... ഇന്ന് നിനക്ക് പുതിയ  ഒരു ആലോചന വന്നിട്ടുണ്ട്. ... ഇതെങ്കിലും ഒന്ന് ശരിയായാല്‍ മതിയായിരുന്നു....."  ഉമ്മ അടുക്കളയിലെ ജോലിത്തിരക്കിനിടെ എന്നെ നോക്കി പറഞ്ഞു. 

           ഇതിപ്പോ  എത്രാമത്തെ ആലോചനയാ... എണ്ണം കൃത്യമല്ല.  എല്ലാ ആലോചനകളും അവസാനം പണ്ടത്തിന്റെയും  പണത്തിന്റെയും അടുത്തെത്തുമ്പോള്‍  അലസിപ്പോകും. അല്ലെങ്കില്‍ എന്റെ വിദ്യാഭ്യാസ നിലവാരമാകും വില്ലന്‍............  

            "എവിടുന്നാ ഉമ്മാ ഈ ആലോചന ....?  മ്മളെ അറിയുന്ന വല്ലോരുമാണോ....?"   ഞാന്‍ ചോദിച്ചു.   

          " ആര്‍ക്കറിയാം.... ഞമ്മളെ ഖാദര്‍ക്ക പറഞ്ഞതാ.. മൂപ്പരുടെ ഒരു ചെങ്ങായിന്റെ മോനാ.... ചെക്കന് പൈസയൊന്നും പ്രശനംല്ലത്രേ...... നാള്യോ   മറ്റന്നാള്യോ   അവന്‍ കാണാന്‍ വരും... എന്നാ പിന്നെ വന്നു കണ്ടിട്ട് ബാക്കി ആലോചിക്കാം  എന്നു ഉപ്പയും പറഞ്ഞു..."  ഉമ്മ ചോര്‍ ഊറ്റികൊണ്ടിരിക്കെ  പറഞ്ഞു കൊണ്ടിരുന്നു. 

     രാവിലെ പോകാന്‍ ഒരുങ്ങുമ്പോഴാണ് ഖാദര്‍ക്ക വന്നത്. 

     "ഇന്നിപ്പോ ഷോപ്പിലേക്ക്  പോകണ്ട... ചെക്കന്‍ ഉച്ചക്ക് ശേഷം വരുമെന്നാ പറഞ്ഞത്...” ഖാദര്‍ക്കയുടെ ശബ്ദം കേട്ട് ഉപ്പ അടുക്കളയില്‍ നിന്ന് ചായ ക്ലാസ്സുമായി പുറത്തിറങ്ങി.

     “ചെക്കന്‍ ഇന്ന് വരുമെന്നാ പറഞ്ഞത് മമ്മദ്ക്കാ.. അവര്‍ക്ക് ചായക്ക്‌ കൊടുക്കാന്‍ ഇബ്ടെ എന്തെങ്കിലും ഉണ്ടോ ആവോ ലേ...?” ഖാദര്‍ക്ക ഉപ്പയോടാണ്.

     “ഊം..” ഉപ്പ എല്ലാം ഒരു മൂളലില്‍ അവസാനിപ്പിച്ചു. ആ പിതാവിന്റെ മനസ്സ് ഇന്നലെ മുതല്‍ പണ്ടത്തിന്റെയും പണത്തിന്റെയും ഊരാക്കുടുക്കില്‍ പെട്ട് ഉഴലുകയാണ്.

      ഉച്ച ഭക്ഷണം കഴിഞ്ഞു എന്തൊക്കെയോ ആലോചനകളില്‍ മുഴുകി ഇരിക്കുമ്പോഴാണ് പുറത്തു ഒരു ബൈക്കിന്റെ ശബ്ദം കേട്ടത്. ജനലിന്നുള്ളിലൂടെ പുറത്തേക്കു നോക്കി. എന്നെ കാണാന്‍ വരുന്ന ചെക്കനെ കണ്ടു എന്‍റെ മനസ്സില്‍ സന്തോഷത്തിന്റെ ആയിരമായിരം പൂത്തിരികള്‍ കത്തി.... അതെ.... ഇത് അയാള്‍ തന്നെ... എന്നും എനിക്ക് പുഞ്ചിരി സമ്മാനിച്ചു പോകാറുള്ള അയാള്‍.......... ഒരു ന്നിമിഷം എന്‍റെ മനസ്സ് ഏതോ ഒരു മായാ ലോകത്തെത്തി......

      “ശബ്നാ.... ചെക്കന്‍ വന്നു..... നിന്റെ ഒരുക്കം കഴിഞ്ഞോ.....?” റൂമിന്റെ വാതില്‍ മുട്ടികൊണ്ട്‌ ഉമ്മ പതിയെ ചോദിച്ചു..

      ചായ ഗ്ലാസ്സുമായി  ഞാന്‍ ചെറുക്കന്റെ അരികിലേക്ക് പോയി. അയാളുടെ അടുത്തുള്ളത് സുഹുര്‍ത്ത് ആയിരിക്കും. ഉപ്പയും ഖാദര്‍ക്കയും അവരോടു വര്‍ത്തമാനം പറഞ്ഞു ഇരിക്കുന്നുണ്ട്‌.. ചായ എടുത്തു അയാള്‍ക്ക്‌ നേരെ നീട്ടിയപ്പോള്‍ എന്‍റെ മുഖത്തേക്ക് അയാള്‍ ഒളിഞ്ഞു നോക്കി. എന്നെ കണ്ടതും അയാളുടെ മുഖത്തെ ചിരി മാഞ്ഞു... പെട്ടെന്ന് മുഖം വിവര്‍ണ്ണമായി... എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ചായ കൊടുത്ത ഉടനെ ഞാന്‍  അടുക്കളയിലേക്കു നാണത്തോടെ മടങ്ങി.

      പുറത്തു ബൈക്ക് സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം കേട്ട് ഞാന്‍ ഉപ്പയുടെ അടുത്തേക്ക് ഓടി. ഉപ്പയും ഖാദര്‍ക്കയും എന്തൊക്കെയോ അരുതാത്തത് സംഭവിച്ച പോലെ എന്നെ തുറിച്ചു നോക്കുന്നു. എനിക്കൊന്നും വ്യക്താമായില്ല....

      “എന്താ.... ഉപ്പാ.... എന്താ ഉണ്ടായത് പറയൂ....?" എനിക്ക് കരച്ചില്‍ വന്നു. ഉപ്പ ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും ഉമ്മയും ചോദ്യം ആവര്‍ത്തിക്കാന്‍ തുടങ്ങി.

      “അങ്ങാടിയില്‍  എല്ലാരുടെയും വായേല്‍ നോക്കിയിരിക്കുന്ന പെണ്ണിനെ എന്‍റെ തലയില്‍ കെട്ടി വെക്കാന്‍ നോക്കണ്ടാന്നു............” ഖാദര്‍ക്ക വാചകം മുഴുവനാക്കുന്നതിനു മുന്‍പേ എനിക്ക് തല മിന്നുന്നത് പോലെ തോന്നി.


Saturday, November 10, 2012

ജിന്ന്


അര്‍ദ്ധ രാത്രി 12 മണി. 
വിജനമായ പ്രാന്ത പ്രദേശം.

"മ്യാവൂ.. മ്യാവൂ..."

 അയാള്‍  നടുക്കത്തോടെ  തിരിഞ്ഞു നോക്കി. 
രണ്ടു കണ്ണുകള്‍ തിളങ്ങുന്നു..
ങേ.... കറുത്ത പൂച്ച....
ഇത്  ജിന്നാകാന്‍ സാധ്യതയുണ്ടെന്നല്ലേ മൌലവി കഴിഞ്ഞ ഖുതുബയില്‍ പറഞ്ഞത്. അയാള്‍ ഓര്‍ത്തു

മുസ്ലിം ജിന്നാണെങ്കില്‍ സഹായം ചോദിക്കാമായിരുന്നു.

ഇതിപ്പോ ഈ നേരത്ത്.......
ഈ കോലത്തില്‍........
അമുസ്ലിമാകാനാണ് സാധ്യത. പിന്നീട് തിരിഞ്ഞു നോക്കിയില്ല.

ഒരോട്ടം.... 

ഒരാളെ കൂടി ആശയ  കുഴപ്പത്തിലാക്കിയ    നിര്‍വൃതിയില്‍ പിശാച് ഊറി ചിരിച്ചു.

Monday, January 31, 2011

ഈ വീട്ടില്‍ ആരുമില്ല..


        ഒരു ദീര്‍ഘ ദൂര യാത്രക്ക് ശേഷം വളരെ ക്ഷീണിതനായാണ്  ഞാന്‍ വീട്ടിലെത്തിയത് .വാതില്‍ തുറന്ന്  അകത്തു പ്രവേശിച്ചപോള്‍ ഭാര്യയും മക്കളുമെല്ലാം ടിവിക്ക് മുന്നിലായിരുന്നു . ഇടയ്ക്കിടെ സാരിതുമ്പ്   കൊണ്ട് അവര്‍ കണ്ണ്  തുടക്കുന്നുണ്ട്. ഇടക്ക് മൂക്ക് ചീറ്റുന്നുമുണ്ട്.   ആകെ ഒരു ദുഖ: സാന്ദ്രമായ മൂകത തളം കെട്ടി നില്കുന്നു .ഏതോ ഒരു സീരിയല്‍ ആണ് ഓടിക്കൊണ്ടിരികുന്നത് എന്ന് ഞാന്‍ മനസിലാക്കി .

      അടുക്കളയില്‍ ചെന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ച ശേഷം കട്ടിലില്‍ കിടന്നു വിശ്രമം ആരംഭിച്ചു . ഇട മുറിഞ്ഞ മ്യൂസിക്കുകളും പൌരുഷം നിറഞ്ഞ ചില ഡയലോഗുകളും ടീവിയില്‍ നിന്ന് ഉച്ചത്തില്‍  കേള്‍കുന്നുണ്ട്. അതിനു അകമ്പടിയെന്നോണം ചില സ്ത്രീകളുടെ പരദൂഷണം പറച്ചിലും തേങ്ങി കരച്ചിലുകളും ഇടക്ക് ഉയരുന്നുണ്ട്. എന്തൊക്കെയോ ചിന്തയില്‍ മുഴുകി ഞാന്‍ ഒരു മയക്കത്തിലേക്ക് വഴുതി വീണു.


"ഹ..... നിങ്ങളെപ്പോ എത്തി മനുഷ്യാ....?."  ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഞാന്‍ മയക്കത്തില്‍ നിന്നുണര്‍ന്നത് .ഭാര്യയാണ്.

 "മക്കളേ....... അച്ചന്‍ വന്നിട്ടുണ്ട്.."   അവള്‍ ടിവി വെച്ചിരിക്കുന്ന മുറിയിലേക്ക് നീട്ടി വിളിച്ചു .ഞാന്‍ ചായ എടുക്കാം എന്ന് പറഞ്ഞു  അവള്‍ അടുക്കളയിലേക്ക് പോയപ്പോഴേക്കും മൂന്നു പെണ്മക്കളും  രണ്ടു മരുമക്കളും എന്റെ മുന്നിലേക്കെത്തി.

"അച്ചന്‍ എപ്പോ എത്തി......?.. യാത്രയൊക്കെ എങ്ങനുണ്ടാരുന്നു....?.." ചോദ്യം മൂത്ത മകളുടെതാണ്.

"ഞാന്‍ ഇപ്പൊ എതിയതെ ഉള്ളു......ആ..... സീരിയലൊക്കെ കഴിഞ്ഞോ മക്കളേ....?

"കറന്റ് പോയി അച്ഛാ...." അവളുടെ ശബ്ദത്തിനു ഒരു നേരിയ സങ്കടത്തിന്റെ കലര്‍പ്പ് ഉണ്ടായിരുന്നു.


         നീണ്ട മാരത്തോണ്‍ സീരിയലുകള്‍ക്കും സിനിമകള്‍ക്കും ഒരു വിശ്രമമെന്നോണം കരണ്ട് പോയിരിക്കുന്നു എന്ന യാദാര്‍ത്ഥ്യം അല്പം ആശ്വാസത്തോടെ ഞാന്‍ മനസ്സിലാക്കി.

       ചായ ഗ്ലാസുമായി ഭാര്യ എത്തി. "നാശം കരണ്ട് പോകാന്‍ കണ്ട നേരം.....!" അവള്‍ ആരോടെന്നില്ലാതെ അവളുടെ സങ്കടം രേഖപ്പെടുത്തി .

      അവള്‍ തന്ന ചായയുടെ ഇളം ചൂട് തോന്ടയെ നനച്ചപ്പ്പോള്‍ ഇനിയൊരിക്കലും കരണ്ട് തിരിച്ച വരരുതേ എന്ന് ഞാന്‍ ഒരു നിമിഷം ആഗ്രഹിച്ചു പോയി.

Sunday, December 12, 2010

സമയം

       ബെല്ലടിച്ചിട്ടു കാല്‍ മണിക്കൂര്‍ കഴിഞ്ഞിരുന്നു. "മാഷെത്തിയില്ലല്ലോ........."  കുട്ടികള്‍ സന്ദേഹം പ്രകടിപ്പിച്ചു. 5  മിനിട്ടിനു ശേഷം ഓടിക്കിതച്ചു മാഷെത്തി. അയാളുടെ നെറ്റിയില്‍ വിയര്‍പു തുള്ളികള്‍ പൊടിഞ്ഞിരുന്നു.    

        അയാളെന്നും അങ്ങനെയാണ്. വലിയ തത്വജ്ഞാനിയും ഉപദേശിയുമൊക്കെയാണെങ്കിലും അയാള്‍ വീട്ടു കാര്യം കഴിഞ്ഞു സ്കൂളിലെതുമ്പോഴേക്കും വൈകിയിട്ടുണ്ടാകും. ഹെഡ് മാസ്റ്ററുടെ  മുന്നിലെ പരുങ്ങി നില്പും ഒപ്പിടലും കഴിഞ്ഞു  ധൃതിയില്‍ സ്റ്റാഫ്  മുറിയിലേക്ക് നടക്കും. ഫസ്റ്റ് പിരിയഡ് ക്ലാസ്സില്ലാത്ത  ടീച്ചര്‍മാരുടെ  സൊറ പറച്ചിലിന് വിഘാതം സൃഷ്ടിച്ചു കൊണ്ടായിരിക്കും അയാളുടെ സ്റ്റാഫ് മുറിയിലേക്കുള്ള രംഗ പ്രവേശം. അവിടെ നിന്ന് രാജിസ്ട്രരും പാഠ പുസ്തകവും  തിരഞ്ഞെടുത്തു  ക്ലാസ് മുറിയിലേക്ക്  ഒരു ഓട്ടമാണ്.പതിവ് തെറ്റിക്കാതെ അന്നും അങ്ങനെയൊക്കെയാണ് അയാള്‍ ചെയ്തത്.   

       സ്റ്റൂളിലിരുന്നു കിതപ്പ് മാറ്റിയ  ശേഷം രജിസ്ട്രരില്‍ കുട്ടികളുടെ ഹാജര്‍ അടയാളപ്പെടുത്തിയ ശേഷം പുസ്തകം തുറന്നു മേശമേല്‍ വെച്ചു.  "കൊല്ലപ്പരീക്ഷക്കിനി ദിവസങ്ങളെ ബാകിയുള്ളൂ..... നിങ്ങളൊക്കെ  പഠനം തുടങ്ങിയോ......?" അയാള്‍ കുട്ടികളോട്  ചോദിച്ചു.
  'ആ......." കുട്ടികള്‍ മൂളി.  
 "കുട്ടികളെ, നിങ്ങളുടെ ജീവിതത്തിലെ  പ്രധാനപ്പെട്ട ഒരു പരീക്ഷയാണീ എസ്.എസ്.എല്‍ .സി പരീക്ഷ. അത് കൊണ്ട് ഇനിയുള്ള വിലപ്പെട്ട സമയം പഠനത്തിനു വേണ്ടി മാത്രം ഉപയോഗപ്പെടുത്തണം...."  
  "ഊം................... മൂപ്പിലാന്‍ ഉപദേശം തുടങ്ങി." പിന്‍ ബന്ജിലെ കുട്ടികള്‍ പരസ്പരം പിറുപിറുപ്പ്  തുടങ്ങി.
 "കുട്ടികളെ, നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തോട് സ്നേഹമുണ്ടെങ്കില്‍ ഒരിക്കലും സമയം പാഴാക്കാന്‍ പാടില്ല. കാരണം, സമയെമെന്ന സാമഗ്രി കൊണ്ടാണ് ജീവിതം പണി കഴിപ്പിചിട്ടുള്ളത്......" അയാള്‍ തുടര്‍ന്നു. 
  "ഹും ......ഉപദേശം കഴിഞ്ഞു ഇന്നും പാഠമെടുക്കല്‍  നടക്കില്ല...." മുന്‍ബെന്ജിലെ  പെണ്‍കുട്ടികള്‍ നിരാശ പ്രകടിപ്പിച്ചു തുടങ്ങി.
  " നമുക്കിനിയും ഒരുപാട് പാഠ ഭാഗങ്ങള്‍ തീര്‍ക്കാന്‍ ബാകിയുണ്ട്‌. തിരക്കിനിടയില്‍  എനിക്ക് പാഠമെടുക്കാന്‍  കഴിഞ്ഞിട്ടില്ലെങ്കില്‍ നിങ്ങള്‍ കിട്ടുന്ന സമയം ഉപയോഗപ്പെടുത്തി  അവയോക്കെയൊന്നു വായിച്ചു നോക്കണം.......ഹൂം ...ഇതിനിയും ഒരുപാടുണ്ടല്ലോ ..............." പുസ്തകത്തിന്റെ  ബാക്കിയുള്ള  പേജുകള്‍ മറിച്ച്‌ നോക്കി അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു.

    ടിണീം......

 "ഹോ ഇത്ര പെട്ടെന്ന്  ബെല്ലടിച്ചോ...?  സമയത്തിന്റെ വില പറഞ്ഞു സമയം പോയതറിഞ്ഞില്ല......" അയാള്‍ മുഖത്ത് നിരാശ വരുത്തി തീര്‍ത്ത് ക്ലാസ്സിനു പുറത്തിറങ്ങി. 
 " അയാള്‍ക്ക്  ഈ ഉപദേശിച്ച  സമയം കൊണ്ട് ഒരു പാഠം തീര്ക്കാമായിരുന്നല്ലോ.......? ഇങ്ങനെ പോയാല്‍ പരീക്ഷ കുളം തോണ്ടും......"  മുന്‍ ബെന്ജിലെ പെണ്‍കുട്ടിയുടെ നെടു വീര്‍പ്പു  കേട്ടതായി ഭാവിക്കാതെ  അയാള്‍ സ്റ്റാഫ് മുറിയിലേക്ക് നടന്നു നീങ്ങി.