Monday, November 12, 2012

അയാള്‍...


    എന്നും അയാള്‍ ടൈലര്‍ ഷോപ്പിനു  മുന്നിലൂടെ പോവുമ്പോള്‍ എന്നെ നോക്കി  ഒന്ന് പുഞ്ചിരിക്കാറുണ്ട്. മറുപടിയായി ഞാനും ഒരു ചിരി  പാസ്സാക്കി  കൈ വീശിക്കാണിക്കും. അതില്‍ കൂടുതല്‍ അംഗ വിക്ഷേപങ്ങള്‍ കാണിക്കാന്‍ പരിസരം ഞങ്ങള്‍ക്ക് ഒരു തടസ്സമായിരുന്നു. 

     ഇന്നും  അയാള്‍ വരാതിരിക്കില്ല.  അയാള്‍ എവിടെയാണ് വര്‍ക്ക് ചെയ്യുന്നതെന്നോ എവിടുത്തുകാരനാണെന്നോ  എനിക്കറിയില്ല.  എങ്കിലും ഒരു സുമുഖനായ ചെറുപ്പക്കാരന്‍ എന്നെ നോക്കി ചിരിക്കുമ്പോ എങ്ങനെ അത്  നിരസിക്കും....???  

   ഞാന്‍ വാച്ചിലേക്ക് നോക്കി. സമയം അഞ്ചു മണിയോടടുത്തിരുന്നു. പതിവ് പോലെ അയാള്‍ ഷോപ്പിന്റെ മുന്നിലൂടെ  എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു ബൈക്കുമായി  കടന്നു പോയി. സമീപത്തിരിക്കുന്ന ഇന്ദു ലേഖയും  റസിയയും കാണാതെ  ഞാന്‍  അയാള്‍ക്കൊരു റ്റാറ്റ കൊടുത്തു. അവര്‍ രണ്ടു പേരും ഏതോ ഒരു ചുരിദാര്‍  തയ്ക്കുന്ന  തിരക്കിലായിരുന്നു. 

          എസ്.എസ്.എല്‍... ..സിക്ക് ശേഷം തുടര്‍  പഠനത്തിനാവശ്യ മായ മാര്‍ക്കും  പൈസയും ഇല്ലാഞ്ഞിട്ടാണ് ഉപ്പ എന്നെ ടൈലറിംഗ്  പഠിക്കാന്‍ പറഞ്ഞയച്ചത്. ഏതാണ്ട് മൂന്നു നാല്  വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അത്.  പഠനത്തിനു ശേഷം അയല്‍വക്കത്തെ ശാരദ ചേച്ചി തന്നെയാണ് അവരുടെ  ടൌണിലുള്ള ടൈലര്‍  ഷോപ്പില്‍  ജോലിക്ക് പോരാന്‍   എന്നെ നിര്‍ബന്ധിച്ചത്.  കല്യാണം കഴിയുന്നത്‌ വരെ ഒരു നേരം പോക്കാവട്ടെയെന്നു ഞാനും വിചാരിച്ചു.  ഇപ്പോള്‍ ഞാനടക്കം അഞ്ചു പേരുണ്ട് ഷോപ്പില്‍....................  ശാരദ ചേച്ചിയും ഭര്‍ത്താവും   വല്ലപ്പോഴും വന്നു പോവും.

      ബസ്സിറങ്ങി നടന്നു വീട്ടിലെത്തിയപ്പോഴേക്കും സമയം ആറു മണി കഴിഞ്ഞിരുന്നു. 
  
         "ശബ്നാ... ഇന്ന് നിനക്ക് പുതിയ  ഒരു ആലോചന വന്നിട്ടുണ്ട്. ... ഇതെങ്കിലും ഒന്ന് ശരിയായാല്‍ മതിയായിരുന്നു....."  ഉമ്മ അടുക്കളയിലെ ജോലിത്തിരക്കിനിടെ എന്നെ നോക്കി പറഞ്ഞു. 

           ഇതിപ്പോ  എത്രാമത്തെ ആലോചനയാ... എണ്ണം കൃത്യമല്ല.  എല്ലാ ആലോചനകളും അവസാനം പണ്ടത്തിന്റെയും  പണത്തിന്റെയും അടുത്തെത്തുമ്പോള്‍  അലസിപ്പോകും. അല്ലെങ്കില്‍ എന്റെ വിദ്യാഭ്യാസ നിലവാരമാകും വില്ലന്‍............  

            "എവിടുന്നാ ഉമ്മാ ഈ ആലോചന ....?  മ്മളെ അറിയുന്ന വല്ലോരുമാണോ....?"   ഞാന്‍ ചോദിച്ചു.   

          " ആര്‍ക്കറിയാം.... ഞമ്മളെ ഖാദര്‍ക്ക പറഞ്ഞതാ.. മൂപ്പരുടെ ഒരു ചെങ്ങായിന്റെ മോനാ.... ചെക്കന് പൈസയൊന്നും പ്രശനംല്ലത്രേ...... നാള്യോ   മറ്റന്നാള്യോ   അവന്‍ കാണാന്‍ വരും... എന്നാ പിന്നെ വന്നു കണ്ടിട്ട് ബാക്കി ആലോചിക്കാം  എന്നു ഉപ്പയും പറഞ്ഞു..."  ഉമ്മ ചോര്‍ ഊറ്റികൊണ്ടിരിക്കെ  പറഞ്ഞു കൊണ്ടിരുന്നു. 

     രാവിലെ പോകാന്‍ ഒരുങ്ങുമ്പോഴാണ് ഖാദര്‍ക്ക വന്നത്. 

     "ഇന്നിപ്പോ ഷോപ്പിലേക്ക്  പോകണ്ട... ചെക്കന്‍ ഉച്ചക്ക് ശേഷം വരുമെന്നാ പറഞ്ഞത്...” ഖാദര്‍ക്കയുടെ ശബ്ദം കേട്ട് ഉപ്പ അടുക്കളയില്‍ നിന്ന് ചായ ക്ലാസ്സുമായി പുറത്തിറങ്ങി.

     “ചെക്കന്‍ ഇന്ന് വരുമെന്നാ പറഞ്ഞത് മമ്മദ്ക്കാ.. അവര്‍ക്ക് ചായക്ക്‌ കൊടുക്കാന്‍ ഇബ്ടെ എന്തെങ്കിലും ഉണ്ടോ ആവോ ലേ...?” ഖാദര്‍ക്ക ഉപ്പയോടാണ്.

     “ഊം..” ഉപ്പ എല്ലാം ഒരു മൂളലില്‍ അവസാനിപ്പിച്ചു. ആ പിതാവിന്റെ മനസ്സ് ഇന്നലെ മുതല്‍ പണ്ടത്തിന്റെയും പണത്തിന്റെയും ഊരാക്കുടുക്കില്‍ പെട്ട് ഉഴലുകയാണ്.

      ഉച്ച ഭക്ഷണം കഴിഞ്ഞു എന്തൊക്കെയോ ആലോചനകളില്‍ മുഴുകി ഇരിക്കുമ്പോഴാണ് പുറത്തു ഒരു ബൈക്കിന്റെ ശബ്ദം കേട്ടത്. ജനലിന്നുള്ളിലൂടെ പുറത്തേക്കു നോക്കി. എന്നെ കാണാന്‍ വരുന്ന ചെക്കനെ കണ്ടു എന്‍റെ മനസ്സില്‍ സന്തോഷത്തിന്റെ ആയിരമായിരം പൂത്തിരികള്‍ കത്തി.... അതെ.... ഇത് അയാള്‍ തന്നെ... എന്നും എനിക്ക് പുഞ്ചിരി സമ്മാനിച്ചു പോകാറുള്ള അയാള്‍.......... ഒരു ന്നിമിഷം എന്‍റെ മനസ്സ് ഏതോ ഒരു മായാ ലോകത്തെത്തി......

      “ശബ്നാ.... ചെക്കന്‍ വന്നു..... നിന്റെ ഒരുക്കം കഴിഞ്ഞോ.....?” റൂമിന്റെ വാതില്‍ മുട്ടികൊണ്ട്‌ ഉമ്മ പതിയെ ചോദിച്ചു..

      ചായ ഗ്ലാസ്സുമായി  ഞാന്‍ ചെറുക്കന്റെ അരികിലേക്ക് പോയി. അയാളുടെ അടുത്തുള്ളത് സുഹുര്‍ത്ത് ആയിരിക്കും. ഉപ്പയും ഖാദര്‍ക്കയും അവരോടു വര്‍ത്തമാനം പറഞ്ഞു ഇരിക്കുന്നുണ്ട്‌.. ചായ എടുത്തു അയാള്‍ക്ക്‌ നേരെ നീട്ടിയപ്പോള്‍ എന്‍റെ മുഖത്തേക്ക് അയാള്‍ ഒളിഞ്ഞു നോക്കി. എന്നെ കണ്ടതും അയാളുടെ മുഖത്തെ ചിരി മാഞ്ഞു... പെട്ടെന്ന് മുഖം വിവര്‍ണ്ണമായി... എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ചായ കൊടുത്ത ഉടനെ ഞാന്‍  അടുക്കളയിലേക്കു നാണത്തോടെ മടങ്ങി.

      പുറത്തു ബൈക്ക് സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം കേട്ട് ഞാന്‍ ഉപ്പയുടെ അടുത്തേക്ക് ഓടി. ഉപ്പയും ഖാദര്‍ക്കയും എന്തൊക്കെയോ അരുതാത്തത് സംഭവിച്ച പോലെ എന്നെ തുറിച്ചു നോക്കുന്നു. എനിക്കൊന്നും വ്യക്താമായില്ല....

      “എന്താ.... ഉപ്പാ.... എന്താ ഉണ്ടായത് പറയൂ....?" എനിക്ക് കരച്ചില്‍ വന്നു. ഉപ്പ ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും ഉമ്മയും ചോദ്യം ആവര്‍ത്തിക്കാന്‍ തുടങ്ങി.

      “അങ്ങാടിയില്‍  എല്ലാരുടെയും വായേല്‍ നോക്കിയിരിക്കുന്ന പെണ്ണിനെ എന്‍റെ തലയില്‍ കെട്ടി വെക്കാന്‍ നോക്കണ്ടാന്നു............” ഖാദര്‍ക്ക വാചകം മുഴുവനാക്കുന്നതിനു മുന്‍പേ എനിക്ക് തല മിന്നുന്നത് പോലെ തോന്നി.


Saturday, November 10, 2012

ജിന്ന്


അര്‍ദ്ധ രാത്രി 12 മണി. 
വിജനമായ പ്രാന്ത പ്രദേശം.

"മ്യാവൂ.. മ്യാവൂ..."

 അയാള്‍  നടുക്കത്തോടെ  തിരിഞ്ഞു നോക്കി. 
രണ്ടു കണ്ണുകള്‍ തിളങ്ങുന്നു..
ങേ.... കറുത്ത പൂച്ച....
ഇത്  ജിന്നാകാന്‍ സാധ്യതയുണ്ടെന്നല്ലേ മൌലവി കഴിഞ്ഞ ഖുതുബയില്‍ പറഞ്ഞത്. അയാള്‍ ഓര്‍ത്തു

മുസ്ലിം ജിന്നാണെങ്കില്‍ സഹായം ചോദിക്കാമായിരുന്നു.

ഇതിപ്പോ ഈ നേരത്ത്.......
ഈ കോലത്തില്‍........
അമുസ്ലിമാകാനാണ് സാധ്യത. പിന്നീട് തിരിഞ്ഞു നോക്കിയില്ല.

ഒരോട്ടം.... 

ഒരാളെ കൂടി ആശയ  കുഴപ്പത്തിലാക്കിയ    നിര്‍വൃതിയില്‍ പിശാച് ഊറി ചിരിച്ചു.