Wednesday, May 13, 2015

ഭാവി

           എല്ലാം തകർന്ന് ഇനിയെന്തെന്ന ചോദ്യവുമായി അയാൾ കടൽക്കരയിലിരുന്നു.ഹൃദയത്തിലടിച്ചു വീശുന്ന തിരമാലകൾ കടൽ തിരമാലയേക്കാൾ ശക്തമായിരുന്നു. പകൽ മുഴുവൻ ഓടിക്കിതച്ചു വെളിച്ചം വീശിയ സൂര്യൻ വിശ്രമിക്കാനായിരിക്കുന്നു. തോളിൽ കൈയ്യിട്ടും അല്ലാതെയും മനസും സ്നേഹവും കൈമാറി നടന്നു നീങ്ങുന്ന പ്രണയിനികൾ. കൂടിയിരുന്നു സൊറപറഞ്ഞുകൊണ്ടിരിക്കുന്ന അനേകം കുടുംബങ്ങൾ. ധൃതി പിടിച്ചു ആവശ്യക്കാരെ തേടി പാഞ്ഞു കൊണ്ടിരിക്കുന്ന കടല വില്പനക്കാരൻ. അയാളുടെ മനസ്സ് ബഹളങ്ങളിൽ പെടാതെ അകലെയെവിടെയോ അലയുകയായിരുന്നു.
"കൈ നോക്കണോ മോനെ ... ഫാവി പറഞ്ഞു തരാം.. നിനക്ക് കിട്ടാൻ പോവുന്ന ജോലി.... നിന്റെ വരാനിരിക്കുന്ന എല്ലാ കാര്യങ്ങളും.... വേണോ മോനെ.... എല്ലാം പറഞ്ഞു തരാം.."
അരികിൽ വന്ന പ്രായമുള്ള ആ സ്ത്രീയുടെ ശബ്ദം അയാളെ ചിന്തകളിൽ നിന്നു തട്ടിയുണർത്തി.
വേണ്ടെന്നു തലയാട്ടിയിട്ടും അവർ പോകാൻ ഒരുക്കമല്ല. 


"മോനെ പത്തു രൂപ തന്നാൽ മതി.. നിന്റെ എല്ലാം ഫാവിയും ഞാൻ പറഞ്ഞു തരാം.." ദയനീയമായ ആ ആവശ്യത്തിനു മുന്നിൽ അയാൾ തന്റെ കൈ നീട്ടി.


''ഹാ എന്തൊരൈശ്വര്യമുള്ള കയാണ് മോന്റെത്.. നല്ല പണക്കാരനാകാൻ മോഹമുണ്ടല്ലേ... അടുത്ത് തന്നെ നല്ലൊരു പണക്കാരനാകാനുള്ള രേഖ കാണുന്നുണ്ട്...... "അവർ കൈ പരിശോധന ആരംഭിച്ചു.

കേട്ട് മടുത്ത പുകഴ്ത്തലുകളിൽ നിരാശനായി അയാൾ കൈ വലിച്ചു.
കാര്യം മനസ്സിലാകാതെ സ്ത്രീ അയാളുടെ കണ്ണുകളിലേക്ക് നോക്കി.


''എന്ത് പറ്റി..??''


''ഒന്നുമില്ല... ഇതൊക്കെ തന്നെയല്ലേ നിങ്ങൾ എല്ലാരോടും പറയാറ്‌ ??

ഐശ്വര്യമില്ലാത്ത ഏതേലും കൈ നിങ്ങൾ കണ്ടിട്ടുണ്ടോ....??" അയാൾ സ്ത്രീക്ക് നേരെ തട്ടിക്കയറി.


"അതെന്താ മോൻ അങ്ങനെ പറയണത്...?? മോന് നല്ല ഭാഗ്യള്ള കുട്ട്യാണല്ലോ..." മുഖത്തെ പരിഭ്രമം പുറത്തു കാട്ടാതെ അവർ അയാളെ ശാന്തനാക്കാൻ ശ്രമിച്ചു.


''വേണ്ട എന്റെ കൈ നോക്കണ്ട.. പോകൂ.. ദൂരെ പൊകൂ..." അയാൾ ആക്രോശിച്ചു.


നിസ്സഹായയായ സ്ത്രീ എന്ത് ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി.

ശബ്ദം കേട്ടിട്ടാകണം ചുറ്റുമുള്ളവരിൽ ചിലരൊക്കെ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം അയാൾ ശാന്തനായി.


''കൈ നീട്ടൂ മോനെ..ബാക്കി കൂടി പറഞ്ഞു തരാം....'' അവർ പിന്നെയും അയാളുടെ കൈ വലിക്കാൻ ശ്രമിച്ചു.''ഭാവിയൊക്കെ അവിടെ നിക്കട്ടെ... നിങ്ങൾക്ക് ഭൂതവും വർത്തമാനവുമൊക്കെ അറിയോ ...?''
ചോദ്യം കേട്ട് സ്ത്രീ അങ്കലാപ്പോടെ അയാളുടെ മുഖത്തേക്ക് നോക്കി.


"ഞാനിപ്പോ ബസ്സിലാണോ കാറിലാണോ ഇങ്ങോട്ടേക്കു വന്നത്..??'' അയാൾ തുടർന്നു.


''അത്... അത്.. മോനെ അതൊക്കെ എങ്ങനെ............." അവർക്ക് മറുപടി മുഴുമിക്കാനായില്ല.


"അതറീലെങ്കി വേണ്ട..ഇതെങ്കിലും പറയൂ.. എന്റെ ഈ പോക്കറ്റിൽ ഇപ്പൊ എത്ര പൈസയുണ്ട്..??'' അയാൾ ചോദ്യങ്ങൾ തുടർന്നു.


''അതിപ്പോ...'' വീണ്ടും അവർക്ക് മൗനം.


''ഇത്ര നിസ്സരമായതോന്നും അറിയാത്ത നിങ്ങളെങ്ങനെ മനുഷ്യന്റെ ഭാവി കാര്യങ്ങൾ വിശദമായി പറയും.??" അയാൾ വിടുന്ന മട്ടില്ല.


''മോനെ... ഞാൻ പോവ്വാണ്... കഞ്ഞി കുടി മുട്ടിക്കല്ലെടാ..''


            തന്റെ കീശയിൽ അവസാനമായുണ്ടായിരുന്ന മുഷിഞ്ഞ പത്തു രൂപ അയാൾ അവർക്ക് നേരെ നീട്ടി. അതു വാങ്ങി ആ സ്ത്രീ ആൾക്കൂട്ടത്തിലെവിടെയോ മറഞ്ഞു. കടൽ സൂര്യനെ പകുതിയോളം വിഴുങ്ങിയതിനാൽ അവിടെയാകെ ഇരുട്ട് പടരുന്നുണ്ടായിരുന്നു.


ദാരിദ്ര്യം


ള്ളു കാളുന്ന വിശപ്പ് വയററിഞ്ഞിട്ടില്ല.
തൊണ്ട വരളും വിധമൊരു 
ദാഹം അനുഭവിചിട്ടില്ല. 
കുട വാങ്ങാൻ കാഷില്ലാതെയൊരു 
മഴച്ചാറ്റൽ പോലും 
മൂർദ്ധാവു ഏറ്റു വാങ്ങിയിട്ടില്ല.
കുടുംബത്തിൻ പശിയടക്കാൻ 
ഒരു പൊരി വെയിൽ പോലും 
മേനിയെ ചുംഭിച്ചിട്ടില്ല.
ചുറ്റു മതിലിൻ മൂലക്കല്ല് 
തകരും വിധം പോലുമൊരു പ്രളയം
എൻ കണ്ണ് കണ്ടിട്ടില്ല.
എന്നിട്ടും 
ആർത്തി തീരാത്ത മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു 
നീയൊരു പരമ ദരിദ്രനെന്നു.

Saturday, May 2, 2015

മിഴിനീർ

അറബിക്കടൽ 
നമുക്കിടയിൽ 
വലിയ 
ദൂരം സൃഷ്ടിക്കുകയായിരുന്നു.
അന്ന്,
പടിയിറങ്ങുന്നതിന്റെ 
തൊട്ടു മുൻപ് 
നിന്റെ കണ്ണുകൾ 
പേമാരിയായ് പെയ്തത് 
ഇടയ്ക്കിപ്പോഴും 
എന്നെ 
ഈറനണിയിക്കാറുണ്ട്.
ഇന്ന്,
ഇവിടെ സുഖമാണെന്നു 
പലവുരു നീ 
ആവർത്തിക്കാറുണ്ടെങ്കിലും 
ഞാനറിയുന്നു 
നിന്റെ തലയിണയെന്നും 
കണ്ണീരിൽ കുതിരാറുണ്ടെന്ന്.