അയാളെന്നും അങ്ങനെയാണ്. വലിയ തത്വജ്ഞാനിയും ഉപദേശിയുമൊക്കെയാണെങ്കിലും അയാള്‍ വീട്ടു കാര്യം കഴിഞ്ഞു സ്കൂളിലെതുമ്പോഴേക്കും വൈകിയിട്ടുണ്ടാകും. ഹെഡ് മാസ്റ്ററുടെ മുന്നിലെ പരുങ്ങി നില്പും ഒപ്പിടലും കഴിഞ്ഞു ധൃതിയില്‍ സ്റ്റാഫ് മുറിയിലേക്ക് നടക്കും. ഫസ്റ്റ് പിരിയഡ് ക്ലാസ്സില്ലാത്ത ടീച്ചര്‍മാരുടെ സൊറ പറച്ചിലിന് വിഘാതം സൃഷ്ടിച്ചു കൊണ്ടായിരിക്കും അയാളുടെ സ്റ്റാഫ് മുറിയിലേക്കുള്ള രംഗ പ്രവേശം. അവിടെ നിന്ന് രാജിസ്ട്രരും പാഠ പുസ്തകവും തിരഞ്ഞെടുത്തു ക്ലാസ് മുറിയിലേക്ക് ഒരു ഓട്ടമാണ്.പതിവ് തെറ്റിക്കാതെ അന്നും അങ്ങനെയൊക്കെയാണ് അയാള്‍ ചെയ്തത്.
സ്റ്റൂളിലിരുന്നു കിതപ്പ് മാറ്റിയ ശേഷം രജിസ്ട്രരില്‍ കുട്ടികളുടെ ഹാജര്‍ അടയാളപ്പെടുത്തിയ ശേഷം പുസ്തകം തുറന്നു മേശമേല്‍ വെച്ചു. "കൊല്ലപ്പരീക്ഷക്കിനി ദിവസങ്ങളെ ബാകിയുള്ളൂ..... നിങ്ങളൊക്കെ പഠനം തുടങ്ങിയോ......?" അയാള്‍ കുട്ടികളോട് ചോദിച്ചു.
'ആ......." കുട്ടികള്‍ മൂളി.
"കുട്ടികളെ, നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു പരീക്ഷയാണീ എസ്.എസ്.എല്‍ .സി പരീക്ഷ. അത് കൊണ്ട് ഇനിയുള്ള വിലപ്പെട്ട സമയം പഠനത്തിനു വേണ്ടി മാത്രം ഉപയോഗപ്പെടുത്തണം...."
"ഊം................... മൂപ്പിലാന്‍ ഉപദേശം തുടങ്ങി." പിന്‍ ബന്ജിലെ കുട്ടികള്‍ പരസ്പരം പിറുപിറുപ്പ് തുടങ്ങി.
"കുട്ടികളെ, നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തോട് സ്നേഹമുണ്ടെങ്കില്‍ ഒരിക്കലും സമയം പാഴാക്കാന്‍ പാടില്ല. കാരണം, സമയെമെന്ന സാമഗ്രി കൊണ്ടാണ് ജീവിതം പണി കഴിപ്പിചിട്ടുള്ളത്......" അയാള്‍ തുടര്‍ന്നു.
"ഹും ......ഉപദേശം കഴിഞ്ഞു ഇന്നും പാഠമെടുക്കല്‍ നടക്കില്ല...." മുന്‍ബെന്ജിലെ പെണ്‍കുട്ടികള്‍ നിരാശ പ്രകടിപ്പിച്ചു തുടങ്ങി.
" നമുക്കിനിയും ഒരുപാട് പാഠ ഭാഗങ്ങള്‍ തീര്‍ക്കാന്‍ ബാകിയുണ്ട്. തിരക്കിനിടയില്‍ എനിക്ക് പാഠമെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ നിങ്ങള്‍ കിട്ടുന്ന സമയം ഉപയോഗപ്പെടുത്തി അവയോക്കെയൊന്നു വായിച്ചു നോക്കണം.......ഹൂം ...ഇതിനിയും ഒരുപാടുണ്ടല്ലോ ..............." പുസ്തകത്തിന്റെ ബാക്കിയുള്ള പേജുകള്‍ മറിച്ച് നോക്കി അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു.
ടിണീം......
"ഹോ ഇത്ര പെട്ടെന്ന് ബെല്ലടിച്ചോ...? സമയത്തിന്റെ വില പറഞ്ഞു സമയം പോയതറിഞ്ഞില്ല......" അയാള്‍ മുഖത്ത് നിരാശ വരുത്തി തീര്‍ത്ത് ക്ലാസ്സിനു പുറത്തിറങ്ങി.
" അയാള്‍ക്ക് ഈ ഉപദേശിച്ച സമയം കൊണ്ട് ഒരു പാഠം തീര്ക്കാമായിരുന്നല്ലോ.......? ഇങ്ങനെ പോയാല്‍ പരീക്ഷ കുളം തോണ്ടും......" മുന്‍ ബെന്ജിലെ പെണ്‍കുട്ടിയുടെ നെടു വീര്‍പ്പു കേട്ടതായി ഭാവിക്കാതെ അയാള്‍ സ്റ്റാഫ് മുറിയിലേക്ക് നടന്നു നീങ്ങി.
shafeek
ReplyDeletenannayittund tto ee story