Monday, January 31, 2011

ഈ വീട്ടില്‍ ആരുമില്ല..


        ഒരു ദീര്‍ഘ ദൂര യാത്രക്ക് ശേഷം വളരെ ക്ഷീണിതനായാണ്  ഞാന്‍ വീട്ടിലെത്തിയത് .വാതില്‍ തുറന്ന്  അകത്തു പ്രവേശിച്ചപോള്‍ ഭാര്യയും മക്കളുമെല്ലാം ടിവിക്ക് മുന്നിലായിരുന്നു . ഇടയ്ക്കിടെ സാരിതുമ്പ്   കൊണ്ട് അവര്‍ കണ്ണ്  തുടക്കുന്നുണ്ട്. ഇടക്ക് മൂക്ക് ചീറ്റുന്നുമുണ്ട്.   ആകെ ഒരു ദുഖ: സാന്ദ്രമായ മൂകത തളം കെട്ടി നില്കുന്നു .ഏതോ ഒരു സീരിയല്‍ ആണ് ഓടിക്കൊണ്ടിരികുന്നത് എന്ന് ഞാന്‍ മനസിലാക്കി .

      അടുക്കളയില്‍ ചെന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ച ശേഷം കട്ടിലില്‍ കിടന്നു വിശ്രമം ആരംഭിച്ചു . ഇട മുറിഞ്ഞ മ്യൂസിക്കുകളും പൌരുഷം നിറഞ്ഞ ചില ഡയലോഗുകളും ടീവിയില്‍ നിന്ന് ഉച്ചത്തില്‍  കേള്‍കുന്നുണ്ട്. അതിനു അകമ്പടിയെന്നോണം ചില സ്ത്രീകളുടെ പരദൂഷണം പറച്ചിലും തേങ്ങി കരച്ചിലുകളും ഇടക്ക് ഉയരുന്നുണ്ട്. എന്തൊക്കെയോ ചിന്തയില്‍ മുഴുകി ഞാന്‍ ഒരു മയക്കത്തിലേക്ക് വഴുതി വീണു.


"ഹ..... നിങ്ങളെപ്പോ എത്തി മനുഷ്യാ....?."  ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഞാന്‍ മയക്കത്തില്‍ നിന്നുണര്‍ന്നത് .ഭാര്യയാണ്.

 "മക്കളേ....... അച്ചന്‍ വന്നിട്ടുണ്ട്.."   അവള്‍ ടിവി വെച്ചിരിക്കുന്ന മുറിയിലേക്ക് നീട്ടി വിളിച്ചു .ഞാന്‍ ചായ എടുക്കാം എന്ന് പറഞ്ഞു  അവള്‍ അടുക്കളയിലേക്ക് പോയപ്പോഴേക്കും മൂന്നു പെണ്മക്കളും  രണ്ടു മരുമക്കളും എന്റെ മുന്നിലേക്കെത്തി.

"അച്ചന്‍ എപ്പോ എത്തി......?.. യാത്രയൊക്കെ എങ്ങനുണ്ടാരുന്നു....?.." ചോദ്യം മൂത്ത മകളുടെതാണ്.

"ഞാന്‍ ഇപ്പൊ എതിയതെ ഉള്ളു......ആ..... സീരിയലൊക്കെ കഴിഞ്ഞോ മക്കളേ....?

"കറന്റ് പോയി അച്ഛാ...." അവളുടെ ശബ്ദത്തിനു ഒരു നേരിയ സങ്കടത്തിന്റെ കലര്‍പ്പ് ഉണ്ടായിരുന്നു.


         നീണ്ട മാരത്തോണ്‍ സീരിയലുകള്‍ക്കും സിനിമകള്‍ക്കും ഒരു വിശ്രമമെന്നോണം കരണ്ട് പോയിരിക്കുന്നു എന്ന യാദാര്‍ത്ഥ്യം അല്പം ആശ്വാസത്തോടെ ഞാന്‍ മനസ്സിലാക്കി.

       ചായ ഗ്ലാസുമായി ഭാര്യ എത്തി. "നാശം കരണ്ട് പോകാന്‍ കണ്ട നേരം.....!" അവള്‍ ആരോടെന്നില്ലാതെ അവളുടെ സങ്കടം രേഖപ്പെടുത്തി .

      അവള്‍ തന്ന ചായയുടെ ഇളം ചൂട് തോന്ടയെ നനച്ചപ്പ്പോള്‍ ഇനിയൊരിക്കലും കരണ്ട് തിരിച്ച വരരുതേ എന്ന് ഞാന്‍ ഒരു നിമിഷം ആഗ്രഹിച്ചു പോയി.